District News
കാഞ്ഞാണി: മണലൂർ ഗ്രാമപഞ്ചായത്തിൽ നിരവധിപേരേയും നിരവധി വളർത്തു മൃഗങ്ങളെയും ആക്രമിച്ച തെരുവുനായയ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചിട്ടും നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് മണലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്തിനു മുമ്പിൽ പ്രതിഷേധധർണ നടത്തി. ഡിസിസി ജനറൽ സെക്രട്ടറി കെ.ബി. ജയറാം ധർണ ഉദ്ഘാടനംചെയ്തു.
മണലൂർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എം.വി. അരുൺ അധ്യക്ഷതവഹിച്ചു, കോൺഗ്രസ് നേതാക്കളായ കെ.കെ. പ്രകാശൻ, റോബിൻ വടക്കേത്തല, മണലൂർ ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർമാരായ പി.ടി. ജോൺസൺ, ടോണി അത്താണിക്കൽ, ജോജു തേക്കാനത്ത്, പുഷ്പ വിശ്വംഭരൻ, കവിതാ രാമചന്ദ്രൻ, സുനിതാ ബാബു, വാസു വളാഞ്ചേരി, വേണു കൊച്ചത്ത്, സി.എൻ. പ്രഭാകരൻ, ഇന്ദിര ഉത്തമൻ, സ്റ്റീഫൻ നീലങ്കാവിൽ വി.വി. ജോൺസൺ, ജോസഫ് പള്ളിക്കുത്ത് എന്നിവർ സംസാരിച്ചു.
District News
അടൂർ: തെരുവുനായയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഏഴംകുളം സ്വദേശിയായ ഒന്നര വയസുകാരൻ മുഹമ്മദ് റംസാനെ സി.വി. ശാന്തകുമാർ എംഎൽഎ വസതിയിലെത്തി സന്ദർശിച്ചു. കോട്ടയം ഐസിഎച്ച് ആശുപത്രിയിൽ വിദഗ്ധ ചികിത്സയ്ക്കു ശേഷം കഴിഞ്ഞ ദിവസമാണ് കുട്ടി വീട്ടിൽ തിരിച്ചെത്തിയത്.
സന്ദർശനവേളയിൽ കുട്ടിയുടെ ആരോഗ്യവിവരങ്ങൾ എംഎൽഎ ചോദിച്ചറിഞ്ഞ ശേഷം കളിപ്പാട്ടങ്ങളും മധുരപലഹാരങ്ങളും സമ്മാനിച്ചു. പ്രദേശത്ത് ജനങ്ങളിൽ ഭീതി പരത്തുന്ന തെരുവുനായ ശല്യത്തിന് നിയമപരമായി സാധ്യമായ എല്ലാ പരിഹാര നടപടികളും അടിയന്തരമായി സ്വീകരിക്കുമെന്ന് എംഎൽഎ ഉറപ്പുനൽകി.
District News
കണ്ണൂര്: കക്കാട് മേഖലയിൽ കുട്ടികൾ ഉൾപ്പെടെ ഒന്പതുപേർക്ക് തെരുവുനായ കടിയേറ്റു. ശാദുലിപ്പള്ളി, അരൂംഭാഗം എന്നിവിടങ്ങളിലാണ് ഇന്നലെ തെരുവുനായ ആക്രമണമുണ്ടായത്. വി.സി. മുഹമ്മദ് (10), ബുഷ്റ (45), അഫ്സല് (48), മന്സൂര് (48), ആസീമ (65), ഫാത്തിബി കണിയാങ്കണ്ടി (80), റെസ്മിയ (25), സഹാന (14), ഫയാസ് (16) എന്നിവരെയാണ് തെരുവുനായ ആക്രമിച്ചത്. ഇതില് വി.സി മുഹമ്മദിന്റെ കൈവിരലുകള് നായ കടിച്ചുപറിച്ചു. മുഹമ്മദ് കണ്ണൂര് എ.കെ.ജി ആശുപത്രിയില് ചികിത്സ തേടി. അരൂംഭാഗത്തേക്ക് കളിക്കാന് പോകുന്നതിനിടെയാണ് മുഹമ്മദിന് നായയുടെ കടിയേറ്റത്. ആസീമ, ഫാത്തിബി എന്നിവരെ വീടിനുള്ളില് കയറിയാണ് നായ കടിച്ചത്. വര്ക്ക് ഏരിയയില് ജോലിചെയ്യുന്നതിനിടയില് നായ ഓടിക്കയറുകയായിരുന്നു.
വീട്ടുമുറ്റത്ത് നില്ക്കുന്നതിനിടെയാണ് ബുഷ്റയ്ക്ക് കടിയേറ്റത്. രക്ഷിക്കാനെത്തിയ ഭര്ത്താവ് അഫ്സലിനും കടിയേറ്റു. എല്ലാവരെയും കടിച്ചത് ഒരുനായ തന്നെയാണ്. ഈ നായയെ പിന്നീട് ചത്ത നിലയില് കണ്ടെത്തി. ബാക്കിയുള്ളവർക്ക് റോഡിലൂടെ നടന്നുപോകുന്നതിനിടെയാണ് നായ കടിയേറ്റത്. എല്ലാവരും ജില്ലാ ആശുപത്രിയിൽ ചികിത്സതേടി. ഈ പ്രദേശത്ത് തെരുവുനായശല്യം രൂക്ഷമാണെന്ന് നാട്ടുകാര് പറയുന്നു. നായയെ പേടിച്ച് രക്ഷിതാക്കളോടൊപ്പമാണ് കുട്ടികള് സ്കൂളിലേക്ക് പോകുന്നത്. ഈ പ്രശ്നങ്ങള് നിരവധി തവണ കോര്പറേഷനെ അറിയിച്ചിട്ടും പരിഹാരം ഉണ്ടായിട്ടില്ലെന്ന് നാട്ടുകാര് പറയുന്നു.
Kerala
മലപ്പുറം: കൊണ്ടോട്ടിയിൽ വളർത്തുനായയുടെ ആക്രമണത്തിൽ വിദ്യാർഥിക്ക് ഗുരുതര പരിക്ക്. കുട്ടിയുടെ പേരുവിരങ്ങൾ ലഭ്യമായിട്ടില്ല. കിഴിശ്ശേരി പുളിയക്കോട് പി.കെ. പടിയിൽ വച്ചാണ് സംഭവം.
റോഡിന്റെ എതിർവശത്തുകൂടി കടയിലേക്ക് സാധനം വാങ്ങാൻ പോവുകയായിരുന്ന കുട്ടിയെ നായ ഓടിവന്ന് കടിക്കുകയായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്ത് വളർത്തുനായ്ക്കൾ സ്വതന്ത്രമായി നടക്കുന്നത് കൊണ്ട് നാട്ടുകാർ ആശങ്കയിലാണ്.
Kerala
ഹരിപ്പാട്: തെരുവുനായ ആക്രമണത്തിൽ ഭിന്നശേഷിക്കാരന് ഗുരുതര പരിക്ക്. കുമാരപുരത്ത് ശനിയാഴ്ചയുണ്ടായ സംഭവത്തിൽ താമല്ലാക്കൽ ചാപ്രായിൻ ഗോപാലകൃഷ്ണൻ (55) ആണ് പരിക്കേറ്റത്. കൈക്ക് പരിക്കേറ്റ ഇദ്ദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
കഴിഞ്ഞദിവസം അഞ്ചുവയസുകാരനെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച അതേ നായ തന്നെ തൊട്ടടുത്ത ദിവസം അയൽവാസിയായ ഭിന്നശേഷിക്കാരനെയും ആക്രമിക്കുകയായിരുന്നു. ആക്രമണം നടത്തിയ തെരുവുനായയെ പിന്നീട് പ്രദേശത്ത് ചത്ത നിലയിൽ കണ്ടെത്തി. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിന് താമല്ലാക്കൽ പുത്തൻ പറമ്പിൽ അഖിൽ വിശ്വത്തിന്റെയും ദിവ്യയുടെയും മകനായ അദ്വിക് (അഞ്ച്) എന്ന ബാലന് വീട്ടുമുറ്റത്ത് സൈക്കിൾ ചവിട്ടുന്നതിനിടയിൽ ഈ നായയുടെ കടിയേറ്റത്.
മുഖത്തും തലയിലും ആഴത്തിൽ മുറിവേറ്റ അദ്വിക് ഇപ്പോൾ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഈ ക്രൂരമായ ആക്രമണം നടന്ന് മണിക്കൂറുകൾ പിന്നിടും മുൻപാണ് അയൽവാസിയായ ഭിന്നശേഷിക്കാരനും കടിയേറ്റത്.
തുടർച്ചയായ ആക്രമണങ്ങൾക്ക് ശേഷം ചത്ത നായയുടെ ജഡം പോസ്റ്റ്മോർട്ടം നടപടികൾക്കായി തിരുവല്ലയിലെ മൃഗസംരക്ഷണ വകുപ്പിന്റെ ലബോറട്ടറിയിലേക്ക് മാറ്റിയിട്ടുണ്ട്. പരിശോധനാ ഫലം വന്നതിന് ശേഷമേ നായ്ക്ക് പേവിഷബാധയുണ്ടായിരുന്നോ എന്ന് സ്ഥിരീകരിക്കാൻ സാധിക്കൂവെന്ന് അധികൃതർ വ്യക്തമാക്കി.
NRI
ഫ്ലോറിഡ: ബ്രെവാർഡ് കൗണ്ടിയിൽ അയൽവാസിയുടെ രണ്ട് നായ്കളുടെ ആക്രമണത്തിൽ 50 വയസുകാരിയായ ജോഡി കോവൻ മരിച്ചു. സ്വന്തം വളർത്തുനായയുമായി നടക്കാനിറങ്ങിയ ജോഡിയെ നായകൾ ആക്രമിക്കുകയും റോഡിലൂടെ വലിച്ചിഴയ്ക്കുകയും ചെയ്തു.
നായ്ക്കൾ ജോഡിയെ റോഡിലൂടെ വലിച്ചിഴയ്ക്കുന്നത് കണ്ട് ഓടിയെത്തിയ പങ്കാളി ഡോണൽ സ്മിത്ത് നായ്ക്കളെ തുരത്തി ഉടൻ തന്നെ 911-ൽ വിവരമറിയിച്ചു.
ശരീരമാസകലം ഗുരുതരമായി പരിക്കേറ്റ ജോഡിയെ എയർലിഫ്റ്റ് വഴി ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ടു മണിക്കൂറിനുള്ളിൽ മരണം സംഭവിച്ചു.
സംഭവത്തിൽ ബ്രെവാർഡ് കൗണ്ടി ഷെരീഫ് ഓഫീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അക്രമകാരികളായ നായ്ക്കളെ ആനിമൽ കൺട്രോൾ വിഭാഗം കസ്റ്റഡിയിലെടുത്തു.
District News
കുണ്ടറ: തൃക്കരുവ പഞ്ചായത്തിൽ പേപ്പട്ടി ശല്യം രൂക്ഷമാകുന്നു. വന്മള, വേളിക്കാട്, കാഞ്ഞാവെളി, പ്രാക്കുളം, ഗോസ്തലക്കാവ് എന്നീ പ്രദേശങ്ങളിലായി ഒറ്റ ദിവസം കൊണ്ട് 14 പേർക്ക് കടിയേറ്റു. കടിയേറ്റവർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. വഴിയിലുണ്ടായിരുന്ന മറ്റ് തെരുവുനായ്ക്കളെയും നായ അക്രമിച്ചു. എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിന് മുന്നിൽ വച്ചും ഒരാൾക്ക് കടിയേറ്റു. ആളുകളുടെ മുഖത്തും ശരീരത്തിന്റെ പ്രധാന ഭാഗങ്ങളിലും കടിക്കാൻ ശ്രമിച്ചിരുന്നു.
കൊച്ചുകുട്ടികളും വിദ്യാർഥികളും ഉൾപ്പെടെ നിരവധി പേർ സഞ്ചരിക്കുന്ന വഴിയിലാണ് നായയുടെ ആക്രമണം. തുടർച്ചയായി ആളുകൾക്ക് കടിയേറ്റിട്ടും അടിയന്തരമായി നായയെ പിടികൂടാനോ പ്രദേശവാസികളുടെ സുരക്ഷ ഉറപ്പാക്കാനോ പഞ്ചായത്ത് അധികൃതരുടെ ഭാഗത്തുനിന്ന് കാര്യമായ നടപടികളൊന്നും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. അധികൃതർ അടിയന്തരമായി ഇടപെട്ട് പേപ്പട്ടി ശല്യത്തിന് പരിഹാരം കാണണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.
District News
ആലപ്പുഴ: തെരുവുനായ ശല്യം രൂക്ഷമായ നഗരത്തെ ഭീതിയിലാക്കി നായകളിൽ ത്വക് രോഗം പടരുന്നു. രോമങ്ങൾ കൊഴിഞ്ഞു വ്രണങ്ങളോടെയാണ് തെരുനായകൾ അലഞ്ഞു നടക്കുന്നത്. അസഹനീയമായ ചൊറിച്ചിലും ദുർഗന്ധവുമുണ്ട് ഇവയ്ക്ക്. രോഗം ബാധിച്ചു നായകൾ ചാകാൻ തുടങ്ങിയതോടെയാണ് നഗരം ഭീതിയിലായത്. രോഗം ബാധിച്ച് ക്ഷീണിച്ച
നായകൾ നിർബാധം കറങ്ങി നടക്കുന്നുണ്ട്. ഇവ കുട്ടികളെ ഉൾപ്പടെ ആക്രമിക്കുമോ എന്ന ഭയത്തിലാണ് നാട്ടുകാർ.
കുതിരപ്പന്തി, വട്ടയാൽ എന്നിവിടങ്ങളിലാണ് അസുഖം ബാധിച്ച നായ്ക്കൾ കൂടുതലായി വിഹരിക്കുന്നത്. രാത്രികളിൽ ബീച്ചടക്കമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങൾ, കെഎസ്ആർടിസി ബസ് സ്റ്റാൻഡ് തുടങ്ങിയയിടങ്ങളിലെല്ലാം തെരുവുനായ ശല്യം രൂക്ഷമാണ്. നഗരസഭ ഇക്കാര്യത്തിൽ നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷം കൗൺസിൽ യോഗത്തിൽ ആവശ്യപ്പെട്ടു.
നഗരസഭ ചെയ്യേണ്ടത്
1.നായകൾക്കിടയിൽ ഇത്തരത്തിൽ രോഗം വരാനുള്ള കാരണം കണ്ടെത്താൻ മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ പഠനം നടത്തണം.
2.രോഗം മനുഷ്യരിലേക്കു പകരുന്നതാണോ എന്നു കണ്ടെത്തേണ്ടതുണ്ട്. നായകൾ പലതും ചാവുന്നുണ്ട്. കുഷ്ഠരോഗം പിടിപെട്ടതുപോലെയാണ് നായകളുടെ ശരീരം.
3.നഗരത്തിൽ എബിസി പദ്ധതി ശക്തമാക്കണം. നായകൾക്കു വന്ധ്യംകരണം നടത്തി വാക്സിനേഷനും നൽകണം. ഇവ രണ്ടും 100 ശതമാനം പൂർത്തിയാക്കണം.
4.നഗരത്തിൽ പട്ടിക്കുട്ടികളെ കണ്ടെത്തി മൃഗസ്നേഹികളെ സഹകരിപ്പിച്ച് ആവശ്യക്കാർക്കു വീട്ടിൽ വളർത്താൻ ക്രമീകരണം ചെയ്യണം.
യോഗം ചേരണമെന്ന് ആവശ്യം
ആലപ്പുഴ നഗരസഭ പരിധിയിൽ വർധിച്ചുവരുന്ന തെരുവുനായ ശല്യവും തെരുവുനായകളിൽ പടർന്നു പിടിക്കുന്ന രോമം പൊഴിഞ്ഞു വികൃതമാകലും ചർച്ചചെയ്യാൻ പ്രത്യേക കൗൺസിൽ യോഗം ചേരണമെന്നു നഗരസഭ കൗൺസിലിൽ പ്രതിപക്ഷം ആവശ്യപ്പെട്ടു.
നായ്ക്കളിലെ ഗുരുതര പകർച്ചവ്യാധികൾ മനുഷ്യന്റെ ആരോഗ്യത്തെ ഏതു നിലയിൽ ബാധിക്കുമെന്ന് അടിയന്തരമായി പരിശോധിക്കണമെന്ന് മുനിസിപ്പൽ പ്രതിപക്ഷ നേതാവ് വി.ജി. വിഷ്ണു ആവശ്യപ്പെട്ടു. നിലവിൽ വെറ്റിനറി ഓഫീസറുടെ അഭാവം ഈ പ്രവർത്തനങ്ങൾ മുന്നോട്ടുപോകുന്നതിനു തടസമാണ്. ഈ സാഹചര്യത്തിൽ ജില്ലാ കളക്ടർക്ക് ഇതു പരിശോധിച്ച് അടിയന്തര നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട ഡിപ്പാർട്ട്മെന്റിനെ ചുമതലപ്പെടുത്താൻ കത്തു നൽകാൻ കൗൺസിൽ യോഗത്തിൽ വിഷ്ണു ആവശ്യപ്പെട്ടു.
Kerala
കൊച്ചി: ഉദയംപേരൂരില് എട്ടു പേരെ കടിച്ച തെരുവുനായ ചത്തോടെ ഭീതിയിലായി ജനങ്ങള്. പേവിഷബാധയെത്തുടര്ന്ന് ശനിയാഴ്ച വൈകുന്നേരമാണ് നായ ചത്തത്. കണിയാവള്ളി റോഡില് കരിയാപറമ്പ് ഭാഗത്തുനിന്നു വൈകിട്ടോടെയാണ് ഫോര്ട്ട് കൊച്ചിയിലുള്ള നായകളെ സംരക്ഷിക്കുന്ന സംഘമെത്തി തെരുവു നായയെ പിടിച്ചു കൊണ്ടുപോയത്. കൊണ്ടുപോകുന്ന വഴിക്കുതന്നെ നായ ചത്തു പോവുകയായിരുന്നു. നായയ്ക്കു പേവിഷബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
അവശനിലയിലായിരുന്ന നായ അവിടെയെത്തും മുമ്പേ ചത്തുവെന്നും സാമ്പിള് ശേഖരിച്ച് നടത്തിയ പരിശോധനയില് നായയ്ക്കു പേവിഷബാധയുണ്ടെന്നും റിപ്പോര്ട്ട് വന്നതായി ഡോഗ് സംരക്ഷണ സംഘത്തിലെ കെ.എസ്. സജിത്ത് പറഞ്ഞു. പോസ്റ്റ്മോര്ട്ടം നടത്തി നായയുടെ ജഡം സംസ്കരിച്ചു.
ആരുടെ ചെലവിൽ
നായയ്ക്കു പേ വിഷബാധയുണ്ടെന്ന് അറിഞ്ഞതോടെ ഉദയംപേരൂര് മേഖലയിലെ എല്ലാ തെരുവു നായക്കള്ക്കും വാക്സിനേഷന് എടുക്കണമെന്ന ആവശ്യവുമായി നാട്ടുകാര് രംഗത്തെത്തി. എന്നാല്, ഉദയംപേരൂര്, തൃപ്പൂണിത്തുറ നഗരസഭ എന്നിവയുടെ അതിര്ത്തിയായതിനാല്, നായകളെ പിടികൂടുന്ന കാര്യത്തിലും വാക്സിനേഷനും മറ്റുമുള്ള ചെലവ് ആരു വഹിക്കുമെന്ന കാര്യത്തിലും ആശയക്കുഴപ്പം തുടരുകയാണ്.
വ്യാപക ആക്രമണം
ഉദയംപേരൂര് എംഎല്എ റോഡില് ഉദയഗിരി നഗറിന് സമീപമാണ് വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി തെരുവുനായയുടെ ആക്രമണമുണ്ടായത്. ഉദയഗിരി നഗറിനു സമീപം താമസിക്കുന്ന തമിഴ്നാട് സ്വദേശി വേലുവിന്റെ മകന് ഭുവനേശ്വര് (4), തെക്കേ പുളിപ്പറമ്പില് സതി (52), ഉദയനഗറില് അന്നമ്മ ഈശപ്പന്, വലിയകുളം സ്വദേശി ആരോണ് (12) എന്നിവര്ക്കാണ് നായയുടെ ആക്രമണത്തില് ഗുരുതരമായി പരിക്കേറ്റത്.
വെള്ളിയാഴ്ച ഉച്ചയോടെയാണ് വീട്ടുമുറ്റത്തു നില്ക്കുകയായിരുന്ന അന്നമ്മയ്ക്കു കടിയേറ്റത്. അതേ ദിവസം വൈകിട്ട് അമ്മയോടൊപ്പം സഹോദരനെ സ്കൂളില് നിന്ന് വിളിക്കാന് പോകുന്നതിനിടെയായിരുന്നു ഭുവനേശ്വറിനെ നായ ആക്രമിച്ചത്. റോഡരികില് നിന്ന കുഞ്ഞിന്റെ പിന്നിലൂടെയെത്തിയ നായ ചാടിവീണു കടിക്കുകയായിരുന്നു. ശനിയാഴ്ച രാവിലെ വീടിന്റെ മുറ്റമടിക്കുന്നതിനിടെയാണ് സതിക്കു കടിയേറ്റത്. പാഞ്ഞെത്തിയ നായ തല കടിച്ചുകീറി.
Kerala
തിരുവനന്തപുരം: സ്കൂളിൽ നിന്ന് വരുന്ന വഴി വിദ്യാർഥിനിയെ വളർത്തു നായകൾ ആക്രമിച്ചു. തിരുവനന്തപുരത്തുണ്ടായ സംഭവത്തിൽ പരിക്കേറ്റ മണ്വിള സ്വദേശി അന്ന മെഡിക്കല് കോളജ് ആശുപത്രിയില് ചികിത്സയിലാണ്.
ബെൽജിയൻ മലിനോയിസ് ഇനത്തിൽപ്പെട്ട നായകളാണ് കുട്ടിയെ ആക്രമിച്ചത്. നിലവിളി കേട്ട് എത്തിയ നാട്ടുകാരാണ് വിദ്യാർഥിനിയെ രക്ഷിച്ചത്. നായകളെ ഉടമ അലക്ഷ്യമായി അഴിച്ചുവിടുന്നത് നിത്യസംഭവമാണെന്നും നാട്ടുകാർ പറഞ്ഞു.
കുട്ടിയുടെ പിതാവ് ശ്രീകാര്യം പോലീസിൽ പരാതി നൽകി. സംഭവത്തിൽ കേസെടുത്തെന്ന് പോലീസ് പറഞ്ഞു. നായയുടെ ആക്രമണത്തിൽ വിദ്യാർഥിനിയുടെ കാലിന് ഗുരുതരമായി പരിക്കേറ്റെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.